Monday 12 March 2018

അന്നും ഇന്നും എന്നും......

  ശ്രി .വി ലയൺസ് മെട്രിക്കുലേഷൻ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്തു ഞാൻ എന്നും കാത്തിരിക്കുന്ന ഒരു മുഖമുണ്ടായിരുന്നു. കളി പാവകളെ കൊണ്ട് കഥപറയിപ്പിച്ചും, നൃത്തംചെയ്യിപ്പിച്ചും കുട്ടികളുടെ മനസ്സ് കവർന്ന വിജയലക്ഷ്മി ടീച്ചർ . ടീച്ചറിന്റെ സര്‍ഗ്ഗശക്തി പാവകൾക്ക് ജീവനും ഊർജ്ജവും നൽകി കുട്ടികളെ നിരന്തരമായി രസിപ്പിച്ചുകൊണ്ടേയിരുന്നു. 
                                                 
അവിടുത്തെ ഏക മലയാളി വിദ്യാർത്ഥി ഞാൻ ആയതിനാൽ ടീച്ചറുമായി കൂടുതൽ അടുക്കാൻ സാധിച്ചു. കാലക്രമേണ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗമായി മാറി. എന്റെ അച്ഛനമ്മമാരുടെ അമ്മായിയും എന്റെ അമ്മായിയമൂമ്മയുമായി മാറി, സ്നേഹവാത്സല്യങ്ങൾ കടലോളം ഞങ്ങൾക്ക് നൽകി. ടീച്ചർ ഉദ്യോഗത്തില്‍നിന്നു വിരമിച്ച ശേഷം എറണാകുളത്തേക്ക് സകുടുംബം താമസമായി. എൻ്റെ ടി.വി പരിപാടികളുടെ സ്ഥിരം പ്രേക്ഷകയും ആയിരുന്നു. ഓരോ പരിപാടികളും സൂക്ഷ്മമായി വീക്ഷിച്ചു തെറ്റുകുറ്റങ്ങൾ ഫോണിലൂടെ പറഞ്ഞുതരും, കൂടാതെ അഭിനന്ദനങ്ങൾ  അറിയിക്കുകയും ചെയ്യുമായിരുന്നു. ടീച്ചറിനെ ഒരു "എനർജി ബൂസ്റ്റർ " എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം . 
                                                    
ഒരാഴ്ച  മുൻപാണ് ഞാൻ അറിയുന്നത് അമ്മായിയമ്മൂമ്മക്ക് തീരെ വയ്യ, ഐ.സി.യുയിലാണ് എന്ന്. എന്റെ അച്ഛനമ്മമാർ ഇന്നലെ ആശുപത്രിയിൽ  എത്തി അമ്മായിഅമ്മൂമ്മയെ കണ്ടു . നമ്മളോട് സംസാരിക്കാനോ നമ്മളെ തിരിച്ചറിയാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു എന്ന് അമ്മ പറഞ്ഞു. അവർ തിരികെ എത്തിയപ്പോഴേക്കും ആശുപത്രിയിൽ നിന്നും ഫോൺ വന്നു " ടീച്ചർ മരിച്ചു ". തിരിച്ചു മറുപടി പറയാനാകാതെ മരവിച്ചു പോയി ഞാൻ. നെഞ്ചിനുള്ളിൽ ഒരു ഇടിമിന്നൽ ഏറ്റ അവസ്ഥ. അവസാനമായി ടീച്ചറെ ഒന്ന് കാണാൻ പറ്റിയില്ലലോ എന്ന ദുഃഖം ഇന്നലെ രാത്രി മുഴുവൻ എന്നെ അലട്ടികൊണ്ടേ ഇരുന്നു .                                                                                                                                                                                                                                                         എറണാകുളത്തു ഷൂട്ട് നടക്കുമ്പോൾ  ഒരു ദിവസം അമ്മായിയമൂമ്മ എന്നെ കാണാൻ സകുടുംബം അവിടെ എത്തിയിരുന്നു. യാത്രപറഞ്ഞു പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു "മിടുക്കിയായി വരൂ " എന്നും പറഞ്ഞു അനുഗ്രഹിക്കുകയും ചെയ്തു. ആ രൂപത്തിലാണ് അമ്മായിയമ്മൂമ  ഇന്നും എന്റെ മനസ്സിൽ.അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അന്നും ഇന്നും എന്നും..