Saturday, 29 March 2014

ഒരു ഡീലിന്റെ കഥ

ആരുടെയോ കരച്ചില്‍ കേട്ടാണ് അന്ന് ഞാന്‍ ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. വീടിനു പുറത്തു ചെന്നു നോക്കിയപ്പോഴാനാണ് ഏങ്ങലടിച്ചു കരയുന്ന കണ്ണനെ ഞാന്‍  കണ്ടത്. തൊട്ടപ്പുറത്ത് “എനിക്കിനീം വയ്യായേ” എന്ന മട്ടില്‍ അമ്മയും ഇരിപ്പുണ്ട്. വല്ലാത്ത ദേഷ്യത്തോടെ ഞാന്‍ അമ്മയോട ചോദിച്ചു “ എന്തിനാ അവന്‍ കരയുന്നത് എന്ന് ചോദിക്കാതെ അമ്മ ഇങ്ങനെ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഇരിക്കുന്നതിന്റെ ഉദ്ദേശം എന്താ? അല്ലേലും അമ്മയ്ക്ക് പിള്ളേരെ ഡീല്‍ ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞു ഞാന്‍ കണ്ണന്റെ അടുത്തേക്ക് ചെന്നു. “അമ്മ ഇപ്പോള്‍ നോക്കിക്കോ ഞാന്‍ അവന്റെ കരച്ചില്‍ മാറ്റുന്നത്” എന്നും പറഞ്ഞു ഞാന്‍ കണ്ണനോട് ചോദിച്ചു “ എന്തിനാ കണ്ണന്‍ കരയുന്നത്”? അവന്റെ മറുപടി കേട്ട് എന്റെ കണ്ണ് തള്ളി പോയി.  “തണ്ണന്‍റെ പേച്ചില്‍ തിര്‍ണ്ണിപ്പന്‍ ഒത്തിച്ചു” എന്റെ ദൈവമേ ഇതേതു ഭാഷ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് അമ്മ എന്താ തലയ്ക്കു കൈയും കൊടുത്തു ഇരുന്നത് എന്ന്. അമ്മയുടെ മുഖത്ത് നോക്കണോ വേണ്ടയോ എന്ന് പല തവണ ചിന്തിച്ചെങ്കില്‍ പോലും ഒരു നേരിയ ചമ്മലോടെ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ “എന്താ ഡീല്‍ ചെയ്യുന്നില്ലേ”? എന്നൊരു ചോദ്യവും. ഒരു മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു “അമ്മേ ഞാന്‍ വെറുതെ പറഞ്ഞതാട്ടോ, കുട്ടികളെ ഡീല്‍ ചെയ്യാന്‍ എന്നെക്കാട്ടിലും മിടുക്കി അമ്മ തന്നെയാ”. “അത് സാരമില്ല എനിക്ക് ഡീല്‍ ചെയ്യാന്‍ അറിയില്ല, നീ അവനെ ഡീല്‍ ചെയ്തോ” എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ജീവിതത്തില്‍ ആദ്യമായി എനിക്ക് ഡീല്‍ എന്ന വാക്കിനോട് വെറുപ്പ്‌ തോന്നിയത് അപ്പോഴാണ്‌..! എന്നാലും ഞാന്‍ എന്റെ പരിശ്രമം തുടര്‍ന്നു. കണ്ണനോട് അവന്‍ പറഞ്ഞത് ഒന്നുകുടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നിറമിഴികളോടെ അവന്‍ വീണ്ടും അത് തന്നെ പറഞ്ഞു “തണ്ണന്‍റെ പേച്ചില്‍ തിര്‍ണ്ണിപ്പന്‍ ഒത്തിച്ചു” ആ കുട്ടി അത് ആവര്‍ത്തിച്ചു തളര്‍ന്നു  എന്ന് തന്നെ പറയാം. അത് കേട്ട് ഞാനും. കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് എനിക്കൊരു കാര്യം ക്ലിക്ക് ആയത്. കണ്ണന് ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ പറ്റില്ല .അതിനു പകരമായി അവന്‍ ‘ത’ എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ആ വാക്കുകളിലെ ചില അക്ഷരങ്ങള്‍ മാറ്റി, പകരം വേറെ ചില അക്ഷരങ്ങള്‍ ചേര്‍ത്തപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. കണ്ണന്റെ പെന്‍സില്‍ ആരോ ഒടിച്ചു എന്നാണ് അവന്‍ ഇത്രയും നേരം പറഞ്ഞത്. “ആരാ മോന്റെ പെന്‍സില്‍ ഒടിച്ചേ”? എന്ന് ഞാന്‍ അവനോട് ചോദിച്ചു അപ്പൊള്‍ അവന്‍ പറഞ്ഞത് “തിര്‍ണ്ണിപ്പന്‍” എന്നാണ്. “ദൈവമേ പിന്നേം പെട്ടല്ലോ. അവന്റെ മറുപടി കേട്ട് ചിരിക്കണോ അതോ അവന്‍ പറഞ്ഞത് മനസ്സിലാകാത്തത്കൊണ്ട് കരയണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. “എന്ത് പേരാണ് അത്? അങ്ങനേയും പേരുകള്‍ ഉണ്ടോ? ഇങ്ങനേയും മക്കള്‍ക്ക്‌ പേര് ഇടാമോ"? മുതലായ  ചോദ്യങ്ങളാണ്  അപ്പോള്‍ എന്റെ മനസ്സില്‍ കൂടെ കടന്നുപോയത്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം കണ്ണന്റെ അമ്മ അതുവഴി വന്നു. ഹാവു ചേച്ചിയെ കണ്ടത് ഭാഗ്യമായി “ആരാ ചേച്ചി ഇവന്റെ പെന്‍സില്‍ ഒടിച്ചേ? അതോ ആ കുന്നേലെ ഈപ്പന്‍ ചേട്ടന്റെ മോന്‍ “കിരണ്‍ ഈപ്പന്‍”. പതിനായിരം രൂപയുടെ ഫോണ്‍ ബില്‍ വന്നപ്പോള്‍ അമ്മയ്ക്കുണ്ടായ അതേ
എക്സ്പ്രഷന്‍ ആണ് എനിക്കും ഉണ്ടായത് .” എന്നാലും എന്റെ തിര്‍ണ്ണിപ്പാ(കിരണ്‍ ഈപ്പാ ) എന്നോട് ഈ ചതി വേണമായിരുന്നോ?


2 comments:

  1. ആരായാലും കണ്‍ഫ്യൂഷന്‍ ആയിപ്പോകും...തണ്ണന്റെ പെച്ചില്!!!

    ReplyDelete
  2. അങ്ങിനെ പദസമ്പത്ത് വർദ്ധിക്കട്ടെ.

    ReplyDelete