Monday, 12 March 2018

അന്നും ഇന്നും എന്നും......

  ശ്രി .വി ലയൺസ് മെട്രിക്കുലേഷൻ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്തു ഞാൻ എന്നും കാത്തിരിക്കുന്ന ഒരു മുഖമുണ്ടായിരുന്നു. കളി പാവകളെ കൊണ്ട് കഥപറയിപ്പിച്ചും, നൃത്തംചെയ്യിപ്പിച്ചും കുട്ടികളുടെ മനസ്സ് കവർന്ന വിജയലക്ഷ്മി ടീച്ചർ . ടീച്ചറിന്റെ സര്‍ഗ്ഗശക്തി പാവകൾക്ക് ജീവനും ഊർജ്ജവും നൽകി കുട്ടികളെ നിരന്തരമായി രസിപ്പിച്ചുകൊണ്ടേയിരുന്നു. 
                                                 
അവിടുത്തെ ഏക മലയാളി വിദ്യാർത്ഥി ഞാൻ ആയതിനാൽ ടീച്ചറുമായി കൂടുതൽ അടുക്കാൻ സാധിച്ചു. കാലക്രമേണ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗമായി മാറി. എന്റെ അച്ഛനമ്മമാരുടെ അമ്മായിയും എന്റെ അമ്മായിയമൂമ്മയുമായി മാറി, സ്നേഹവാത്സല്യങ്ങൾ കടലോളം ഞങ്ങൾക്ക് നൽകി. ടീച്ചർ ഉദ്യോഗത്തില്‍നിന്നു വിരമിച്ച ശേഷം എറണാകുളത്തേക്ക് സകുടുംബം താമസമായി. എൻ്റെ ടി.വി പരിപാടികളുടെ സ്ഥിരം പ്രേക്ഷകയും ആയിരുന്നു. ഓരോ പരിപാടികളും സൂക്ഷ്മമായി വീക്ഷിച്ചു തെറ്റുകുറ്റങ്ങൾ ഫോണിലൂടെ പറഞ്ഞുതരും, കൂടാതെ അഭിനന്ദനങ്ങൾ  അറിയിക്കുകയും ചെയ്യുമായിരുന്നു. ടീച്ചറിനെ ഒരു "എനർജി ബൂസ്റ്റർ " എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം . 
                                                    
ഒരാഴ്ച  മുൻപാണ് ഞാൻ അറിയുന്നത് അമ്മായിയമ്മൂമ്മക്ക് തീരെ വയ്യ, ഐ.സി.യുയിലാണ് എന്ന്. എന്റെ അച്ഛനമ്മമാർ ഇന്നലെ ആശുപത്രിയിൽ  എത്തി അമ്മായിഅമ്മൂമ്മയെ കണ്ടു . നമ്മളോട് സംസാരിക്കാനോ നമ്മളെ തിരിച്ചറിയാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു എന്ന് അമ്മ പറഞ്ഞു. അവർ തിരികെ എത്തിയപ്പോഴേക്കും ആശുപത്രിയിൽ നിന്നും ഫോൺ വന്നു " ടീച്ചർ മരിച്ചു ". തിരിച്ചു മറുപടി പറയാനാകാതെ മരവിച്ചു പോയി ഞാൻ. നെഞ്ചിനുള്ളിൽ ഒരു ഇടിമിന്നൽ ഏറ്റ അവസ്ഥ. അവസാനമായി ടീച്ചറെ ഒന്ന് കാണാൻ പറ്റിയില്ലലോ എന്ന ദുഃഖം ഇന്നലെ രാത്രി മുഴുവൻ എന്നെ അലട്ടികൊണ്ടേ ഇരുന്നു .                                                                                                                                                                                                                                                         എറണാകുളത്തു ഷൂട്ട് നടക്കുമ്പോൾ  ഒരു ദിവസം അമ്മായിയമൂമ്മ എന്നെ കാണാൻ സകുടുംബം അവിടെ എത്തിയിരുന്നു. യാത്രപറഞ്ഞു പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു "മിടുക്കിയായി വരൂ " എന്നും പറഞ്ഞു അനുഗ്രഹിക്കുകയും ചെയ്തു. ആ രൂപത്തിലാണ് അമ്മായിയമ്മൂമ  ഇന്നും എന്റെ മനസ്സിൽ.അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അന്നും ഇന്നും എന്നും..

Sunday, 8 January 2017

വീട്ടിലേക്കൊരു ടിക്കറ്റ്

ചില യാത്രകൾ അങ്ങനെയാണ്..ഒന്നും തീർച്ചപ്പെടുത്താതെ "DESTINATIONS" ഇല്ലാത്ത യാത്രകൾ .നിങ്ങൾക്കങ്ങനെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടോ? എന്റെ അവസ്ഥകളിലൂടെ കടന്നു പോയാൽ നിങ്ങളും യാത്ര ചെയ്തിരിക്കും, അതുകൊണ്ടാണ് എങ്ങോട്ടാണ് എന്ന കണ്ടക്ടറുടെ ചോദ്യത്തിന് മറുപടി പറയാതെ കയ്യിലിരുന്ന 50 രൂപ ഞാൻ നീട്ടിയത്. 50 രൂപയെ ഉള്ളു പോകും വരെ പോട്ടെ , എന്നാലും പിറന്ന ഈ നാട്ടിൽ ഇനി വയ്യ.
                                              " ചേട്ടാ ഈ കാരൂർ ശിവ ക്ഷേത്രം എവിടെയാ? അടുത്തിരിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്...! ഇത്ര സുന്ദരിയായ ഒരു ഇരുപതുകാരി ഈ ഇരുപത്തിരണ്ടു വയസ്സ്കാരന്റെ കൂടെ ഇരുന്നത് സ്വാഭാവികമായും ശ്രദ്ധിക്കേണ്ടതല്ലേ? എനിക്കെന്നോട് അപകർഷതബോധം തോന്നി..പക്ഷെ മനസ്സ് കലുഷിതമാണ്..." അറിയില്ല" എന്ന് ഞാൻ അവൾക്കു മറുപടി നൽകി.."ചേട്ടാ ഈ ദുർഗ്ഗാക്ഷേത്രമോ?  "നിങ്ങൾക്കെങ്ങോട്ടാണ് പോകേണ്ടത്"?  ഞാൻ ദേഷ്യപ്പെട്ടു  .." റീജിണൽ ക്യാൻസർ സെന്ററിലേക്കാ, 'അമ്മ അവിടെയാ".. ഞാൻ വല്ലാണ്ടായി ..ഒന്നും മിണ്ടാനാകാതെ ഞാനിരുന്നു. പതുക്കെ ശബ്ദം താഴ്ത്തി ഞാൻ അവളോട് പറഞ്ഞു "ക്ഷമിക്കണം" ..  "അത്  സാരമില്ല അമ്മയുടെ ആഗ്രഹമാ ഈ ക്ഷേത്രങ്ങളിൽ പോകണം എന്നുള്ളത് ജീവിത പ്രാരബ്ധങ്ങളിൽ അത് നടന്നിട്ടില്ല , ഇപ്പോൾ ഡോക്ടർമാർ പറയുന്നത് ആറുമാസത്തെ ആയുസ്സേ അമ്മയ്ക്ക് ഉള്ളു എന്നാണ് .. അതിനകം അമ്മയുടെ ഈ ആഗ്രഹമെങ്കിലും എനിക്ക് സാധിപ്പിച്ചു കൊടുക്കണം .
                                                  ഞാൻ  പതുക്കെ ചോദിച്ചു "അച്ഛൻ" ...." അച്ഛനോ ഞാൻ ജനിക്കുന്നതിനു മുൻപ് അമ്മയോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ അച്ഛനെ ആദ്യമായ് കാണുന്നത് എന്റെ പത്താം വയസ്സിലാണ്, വെള്ളപുതപ്പിച്ച ആ ശരീരത്തെ ചൂണ്ടികാണിച്ചു ആരോ അന്ന് പറഞ്ഞു "ഇതാണ് നിന്റെ അച്ഛൻ", ആ ഒരോർമ്മ മാത്രമാണ് എനിക്ക് അച്ഛൻ. അന്നും ഇന്നും എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു വളർത്തുന്നത് അമ്മയാണ്. അമ്മയാണ് എനിക്കെല്ലാം ,ഞാൻ ജീവിക്കുന്നത് തന്നെ അമ്മയ്ക്ക് വേണ്ടിയാണ് ".. ജീവിതത്തിൽ ഒരിക്കലും അമ്മയോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ലാത്ത , അമ്മയുടെ ഒരു ചെറിയ ആഗ്രഹം പോലും സാധിച്ചുകൊടുക്കാത്ത, എന്തിനധികം ഒന്നു ചോദിച്ചറിയുക  പോലും ചെയ്തിട്ടില്ലാത്ത ഞാൻ .........എനിക്ക് ചിരിക്കാൻ ആണ്  തോന്നിയത് , ദൈന്യമായ ചിരി..
                                                  റീജിണൽ   ക്യാൻസർ  സെന്ററിന് മുൻപിൽ ബസ്സ് നിന്നപ്പോൾ  അവൾ യാത്ര പറഞ്ഞു ഇറങ്ങിപ്പോയി. കണ്ണിൽ നിന്നും മറയും വരെ അവളെ ഞാൻ നോക്കി നിന്നു.. അപ്പോഴൊക്കെ എന്റെ മനസ്സ് നിറയെ അല്പം മുൻപ് വീട്ടിൽനിന്നു ഇറങ്ങിയപ്പോൾ അച്ഛന്റെ മേശപ്പുറത്തു ഞാൻ എഴുതി വെച്ച കത്തിലെ വരികളായിരുന്നു ..
                                                 "അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം എനിക്കെന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. യന്ത്രങ്ങളുടെ ലോകത്തു ജീവിതം തള്ളി നീക്കി. സർഗ്ഗശക്തിയും ചിന്തകളും എന്നെന്നേക്കുമായി എന്നെ വിട്ടകന്നു . വികാരങ്ങൾ അടക്കി അടക്കി ഞാൻ മനുഷ്യൻ അല്ലാതായി മാറിയിരിക്കുന്നു..ഇനിയും ഇവിടെ നിന്നാൽ ഞാൻ പൊട്ടിത്തെറിക്കും . എന്നെ അന്വേഷിക്കണ്ട..യാത്ര..
ഞാൻ കണ്ടക്റ്ററെ ദയനീയമായി നോക്കി. എനിക്ക് ഒരു ടിക്കറ്റ് കൂടി വേണമായിരുന്നു , തിരിച്ചെന്റെ വീട്ടിലേക്കുള്ള ടിക്കറ്റ് .......

Sunday, 13 November 2016

ഉമിക്കുന്നുമല

മധ്യതിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമമാണ് എന്റേത്.ചങ്ങനാശ്ശേരിയിൽ നിന്നും പന്ത്രണ്ടു കിലോ മീറ്റർ മാറിക്കിടക്കുന്ന ഈ ഗ്രാമപ്രദേശം ഇപ്പോൾ അറിയപ്പെടുന്നത് കുന്നംതാനം പഞ്ചായത്ത് എന്ന പേരിലാണ്. കുന്നംതാനം എന്ന്, ഇന്ന് അറിയപ്പെടുന്ന ഭൂപ്രദേശം കാലങ്ങൾക്ക് മുന്പ് ഭഗവാൻ ശ്രീകൃഷ്ണൻ ദാനം ചെയ്‌ത ഭൂമിയാണെന്നും, മുകുന്ദൻ ദാനം ചെയ്ത ഭൂമി "മുകുന്ദൻ ദാനം" എന്ന് അറിയപ്പെടുകയും കാലക്രമേണ അത് തത്ഭവിച്ചു കുന്നംതാനംആവുകയും ചെയ്തു. മഹാഭാരതം കഥയിലെ പഞ്ചപാണ്ഡവന്മാരുമായി ബന്ധപെട്ട പല കഥകളും ഇവിടെ ഉറങ്ങിക്കിടക്കുന്നു . അതിൽ ഒന്നാണ് ഉമിക്കുന്നുമലയുമായി ബന്ധപെട്ട കഥ . പഞ്ചപാണ്ഡവന്മാരുടെ അജ്ഞാതവാസകാല സമയത്ത് ഈ പ്രദേശത്ത് വന്നു താമസിക്കുകയും അതോടൊപ്പം ഇവിടെ കൃഷി ചെയ്തിരുന്നുവെന്നും ഐതീഹ്യം പറയുന്നു.അവിടെ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു മല നമുക്ക് കാണാം. ജാതിമത കക്ഷി രാഷ്ട്രീയ സ്ത്രീപുരുഷ ഭേതമന്യേ ഒരു മലക്കുചുറ്റും മനുഷ്യച്ചങ്ങല തീർത്തു മണ്ണെടുപ്പിൽ നിന്ന് രക്ഷിച്ച ഞങ്ങളുടെ സ്വന്തം ഉമിക്കുന്നുമല.....പഞ്ചപാണ്ഡവന്മാരാൽ നെൽകൃഷി ചെയ്യപ്പെട്ടിരുന്ന ഈ പാടശേഖരങ്ങളിൽ നിന്നും നെല്ല് കുത്തി ഉമികൂട്ടിയതാണ് ഈ മലയെന്നും ഇവിടുത്തെ ഗ്രാമവാസികൾ വിശ്വസിച്ചു പോരുന്നു . കുന്നംതാനം കാർഷികവൃദ്ധികളാൽ സമ്പൽസമൃദ്ധമാണ് . ഉമിക്കുന്നുമലയാണ് ഇവിടുത്തെ കാർഷികവൃദ്ധി ക്കുള്ള ജലസ്രോതസെന്നും വിശ്വസിക്കുന്നു. 

Tuesday, 3 May 2016

JUSTICE

JUSTICE FOR JISHA (" ഇന്നലെ നിർഭയയും സൗമ്യയും , ഇന്ന് ജിഷയും ....നാളെ ഞാനോ നീയോ ")
അലറുന്ന കടൽ തീരങ്ങളിൽ കരിമുകിലുകൾ മുടി വീശിയാടട്ടെ , പർവ്വത ശിഘരങ്ങളിൽ എന്റെ മുടിപാമ്പുകൾ ഇഴഞ്ഞു കയറട്ടെ, മുറിച്ചിട്ട മുടിച്ചുരുളുകൾക്ക് മേലെ കയറിനിന്നു മേലാസകലം എണ്ണ പുരട്ടി കസർത്ത് നടത്തുന്ന പുരുഷ ഗർവ്വുകളെ ആഞ്ഞാഞ്ഞു കൊത്താൻ ഹേ സരളമാരെ ഉഗ്രനാഗരൂപം പൂണ്ട് ഉയിർത്തു വാ,ഫണം വിടർത്തി ആടിയാടി വാ.. ഇത് പെൺ നാഗ തെയ്യം . പക ഒടുങ്ങാത്ത മുടി തെയ്യം.
- സാറാ ജോസഫ്- "മുടി തെയ്യമുറയുന്നു

Monday, 13 April 2015

"മമ്മി ആൻഡ്‌ മി"

അമ്മ മകൾ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടിയ ഞങ്ങളുടെ "മമ്മി ആൻഡ്‌ മി "ക്ക് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. അവൾക്കു ഒരു വയസ്സ് തികഞ്ഞ ഈ വേളയിൽ ആഹ്ലാദം പങ്കിടുന്നതിലുപരി നഷ്ട ബോധമാണ് എന്നിൽ പൊട്ടിവിടരുന്നത്. മമ്മി ആൻഡ്‌ മിയിൽ പങ്കെടുക്കാൻ കൈരളി സ്റ്റുഡിയോയിൽ എത്തുമ്പോൾ ഒരുപാട് ശങ്കയും, ഭയവും ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിരിന്നു. 

ആദ്യദിവസം തന്നെ ഗ്രൂമിങ്ങ് നു വേണ്ടി "അമ്മവീട്ടിൽ " എത്തിയ ഞങ്ങളെ കാത്തിരുന്നത് വിസ്മയങ്ങൾ ആയിരുന്നു.അമ്മവീട് സത്യത്തിൽ ഞങ്ങൾ പതിനാലു പെണ്മക്കളുടെയും പതിനാലു അമ്മമാരുടെയും സ്വന്തം വീട് തന്നെ ആയിരുന്നു. "മംമൂസേ" എന്ന് ഞാൻ വിളിക്കുന്ന എന്റെ സിന്ധു ആന്റിയെ കുറിച്ച് പറഞ്ഞാൽ എന്റെ "ദില്ലി വാലി ഗേൾ ഫ്രണ്ട് ". ഇടയിക്കിടെ എന്നെ ദത്തെടുത്തു എന്ന് മംമൂസ് പറയുമ്പോൾ മംമൂസിന്റെ മകൾ ദ്രിശ്യ ക്ക് ദേഷ്യം തോന്നിയോ ആവോ? ബിന്ദു ആന്റിയും നിവേദയും ( "നിവേദ ,അല്ല ലച്ചു എന്ന് സ്വയം പറഞ്ഞു തരുന്ന ബിന്ധൂസിന്റെ സ്വന്തം ലച്ചുവും , ഗ്രാൻഡ്‌ ഫിനാലെ യുടെ തലേദിവസം പോലും മത്സരത്തെ കുറിച്ച ഓർക്കാതെ എന്റെ മുടി കോതി ,പിന്നി തന്ന ബിജിഷ ആന്റിയും , ചേച്ചി എന്ന് വിളിച്ചു എന്റെ മടിത്തട്ടിലേക്ക് ഓടി കയറുന്ന വേണി മോളും " വേണി ചേച്ചിക്ക് വേദനിക്കും " എന്ന് പറഞ്ഞു സ്നേഹത്തോടെ അവളെ ശാസിക്കുന്ന എന്റെ കൊച്ചു ഗായത്രിയെ യും മറക്കാൻ സാധിക്കില്ല. ഞങ്ങളുടെ ഇടയിലെ കൊഞ്ചികുട്ടി ആയിരുന്നു സുബഹാന പിന്നെ അനീസ ആന്റി. "കല്യാണിയെ കല്യാണം കഴിച്ചു വിട്ടാൽ , തന്നെ വിട്ടു മാറി നില്ക്കുന്ന സങ്കടം സഹിക്കാൻ കഴിയാത്ത ബിന്ദു പ്രദീപ്‌ ആന്റിയും "ഞാൻ കല്ല്യാണം കഴിച്ചാൽ അമ്മയേയും കൂടെ കൊണ്ട് പോകും എന്ന് ഉറച്ചു പറയുന്ന സൌപർണ്ണിക. "എന്റെ അമ്മയെ ഞാൻ രാജ്ഞിയെ പോലെ വാഴിക്കും എന്ന് പറഞ്ഞ അനിത ആന്റിയുടെ മകൾ മേഖ . കാത്തു എന്ന് വിളിച്ചു ഗായത്രിയെ കൊഞ്ചിക്കുന്ന മിനി ആന്റി. ലത ആന്റിയും മകൾ ഐശ്വര്യയും , ഐഷു മലയാളം സംസാരിക്കുന്നത് എന്നും അവൾക്കൊരു ഒരു ബാലി കേറാ മല ആണ് .ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വർഷ കുട്ടിയും അമ്മ മീര ആന്റിയും...ഞങ്ങളുടെ ഇടയിലെ വായാടിയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് നെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന അനില ആന്റിയും ആന്റിയുടെ ദുവയും (ഭാഗ്യ ലക്ഷ്മി ) . മനോഹരമായി പാടുന്ന വിദ്യ ആന്റിയും അതിമനോഹരമായ് നൃത്തം ചെയുന്ന പവിത്രയും . "പേനക്ക് കലം എന്ന് പറയുന്നവൻ പെൻസിൽ നു ചട്ടി എന്ന് പറയുമോ" ? എന്ന് ചോദിച്ച കോമഡി റൌണ്ടിലെ മിനി അമ്മാമ്മയേയും മകൾ സൂര്യയേയും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല..ഞങ്ങളുടെ ചിരിക്കുടുക്ക ലുബിന ആന്റിയെ ഞാൻ പറയാൻ വിട്ടു പോയാൽ അത് വലിയ ഒരു വിടവ് തന്നെ ആയിരിക്കും .ചെറിയ ചെറിയ തമാശകൾ പറഞ്ഞു എന്നെ ചിരിപ്പിക്കുന്ന നജല കുട്ടി എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു. ഞങ്ങളുടെ സിന്റ ചേച്ചിയെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട് .മത്സരത്തെ കുറിച്ച് ഓർത്ത് പരിഭ്രമിച്ചു നിൽക്കുന്നവർക്ക് സിന്റ ചേച്ചിയുടെ വാക്കുകൾ ഒരു ആശ്വാസം തന്നെ ആയിരുന്നു .പിന്നെ ജഡ്ജെസ് പ്രവീണ ചേച്ചി യും മിത്ര ചേച്ചിയും..

മമ്മി ആൻഡ്‌ മി എനിക്ക് ഒരു ഗുരു നെ തന്നു. രാജേഷ്‌ സർ . സർ ൻറെ ഓരോ വാക്കുകളും,ക്ലാസ്സുകളും ഇന്ന് എന്റെ ജീവിതപാതയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഊർമ്മിള യെ ഞാൻ അവതരിപ്പിക്കുമ്പോൾ വടിയുമായി എന്റെ മുൻപിൽ നിന്നിരുന്ന അദ്ധേഹത്തിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
അവസാനമായി ഞങ്ങളടെ " ക്യാപ്റ്റെൻ ഓഫ് ദി ഷിപ്പ് അമൃത ചേച്ചിയും കോ ക്യാപ്റ്റെൻമാരായ ശ്രീകാന്ത് ചേട്ടനും ഷെറിൻ ചേച്ചിയും .അമൃത ചേച്ചിയുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് ഞങ്ങളുടെ മമ്മി ആൻഡ്‌ മി കുടുംബം പണിത് ഉയർന്നത്. ഒരുപാട് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച കൈരളിക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ....

Friday, 13 March 2015

ഇത് അക്ഷരനഗരിക്ക് അഭിമാനമോ? അപമാനമോ?

ഏകാഭിനയ മത്സരത്തിനായ് കോട്ടയത്ത് എത്തിയ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാഴ്ചയാണിത്. അക്ഷരനഗരിയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ ഒന്നാം നമ്പർ വേദിയായ തിരുനക്കര മൈതാനതിന്റെ മധ്യഭാഗത്ത് കൂട്ടിയിരിക്കുന്ന മാലിന്യം. ഇത് നമ്മുടെ അക്ഷരനഗരിക്ക് അഭിമാനമോ? അപമാനമോ?

Sunday, 4 January 2015

അഗാധമായ ബന്ധം

പരസ്പരം സ്പർശിക്കാതിരിക്കുവാൻ 
നാം അകറ്റി നടുന്ന വൃക്ഷതൈകൾ .........
മണ്ണിനടിയിൽ  വേരുകളാൽ  ......................
ആലിംഗനം ചെയ്യുന്നു ..................................